home hb about hb events

ബ്രസൂക്കയുടെ ബാക്കിപത്രം

  [July 21st 2014] ബ്രസൂക്കയുടെ ബാക്കിപത്രം

ഇരുപതാമത്‌ ലോകകപ്പിന് മരക്കാനയിൽ തിരശ്ശീല വീഴുമ്പോൾ മുൻ ജർമ്മൻ ക്യാപ്റ്റനും പരിശീലകനുമായ ബെക്കൻ ബോവരിന്റെ പ്രവചനം സത്യമാകുന്നു. രണ്ടായിരത്തില്‍ യുറോപ്പ്യൻ ചാമ്പ്യന്‍ഷിപ്‌ ഫുട്ബോൾ മത്സരത്തിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തുപോയ ജർമ്മനി മികച്ച ഫുട്ബോൾ രാഷ്ടമാകാനുള്ള സമഗ്ര പദ്ധതികൾ ആസൂത്രണം ചെയ്തു. അതിന്റെ പരിസമാപ്തിയിലാണ് ഈ കിരീടം. ഒത്തിണക്കത്തോടെ കളിക്കുന്ന ടോട്ടൽ ഫുട്ബോളിന്റെ വികേന്ദ്രീകരണത്തിന്റെ കരുത്ത്. നൂറ്റിഇരുപത് മിനുട്ട് കഴിഞ്ഞാലും ശേഷിക്കുന്ന കായികക്ഷമത .

ആതിഥേയരായ ബ്രസീല്‍ ഏറെ നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെച്ചത്. .പുറത്തെ പ്രതിഷേധത്തിന് മറുപടിയായി ഒരു ലോകകപ്പ്‌ പകരം നൽകാൻ ബ്രസീൽ ടീമിനായില്ല. സെമിയിൽ നെയ്മരിന്‍റെയും നായകൻ തിയാഗോ സിൽവയുടെയും അഭാവം നിഴലിച്ചു. .സ്കൊളാരിയുടെ ആക്രമണ തന്ത്രം പാളി. പ്രതിരോധത്തിൽ വിള്ളലുകൾ മാത്രം കണ്ടു. .ജർമ്മനിയ്ക്ക് ബ്രസീൽ എതിരാളികളെ അല്ലാതായി. .ഏഴ് ഗോളുകളുടെ പരാജയത്തിന്റെ കയ്പ്പ് മാറാൻ ബ്രസീലിന് സമയമെടുക്കും .ഓസ്കാർ മാത്രമാണ് നേരിയ പ്രതീക്ഷയായി ബ്രസീൽ പക്ഷത്ത് കളിച്ചത്. തൊണ്ണൂറിന്റെ തനിയാവർത്തനമായി ഫൈനൽ. ഗൊറ്റ്സെയുടെ ഗോൾ വീഴുന്നവരെ അർജന്റീനയുടെ പ്രതിരോധം കുറ്റമറ്റതായിരുന്നു. മാഷരോനയുടെ സജീവ സാന്നിധ്യവും സാബലെട്ടയുടെയും രോജോയുടെയും മാർക്കിങ്ങും മികച്ച് നിന്നു.

തുറന്ന അവസരങ്ങൾ പാഴാക്കിയത് അവർക്ക് വിനയായി. മെസ്സിയുടെ ഒറ്റയാൾ മുന്നേറ്റം ഫലം കണ്ടില്ല. പകരക്കാരനായി എത്തിയ അക്വിയെറോ നിരാശപെടുത്തി. ഡിമാരിയുടെ അസാനിധ്യവും പ്രകടമായി. പകരക്കാരനായി വന്ന് പകരം വെയ്ക്കാനില്ലാത്ത ഗോളുമായാണ് ഗൊറ്റ്സെ തിളങ്ങിയത്. നിരന്തരം അർജന്റീനയുടെ ഗോൾ മുഖത്ത് ആക്രമണം നടത്തിയ ഷൂൽസിന്റെ ഏരിയൽ ബോൾ നെഞ്ചോട് ചേർത്ത് ഫസ്റ്റ് പോസ്റ്റിന്റെ മുമ്പിൽ വച്ച് സെക്കന്ഡ് പോസ്റ്റിലേക്ക് ഇടത് കാൽ കൊണ്ട് തൊടുത്ത ഷോട്ട് നിലം തോട്ടത് ഗോൾ വലയത്തിൽ എത്തിയ ശേഷം. കൊളംബിയുടെ പ്രതിഭയായ റോഡ്രിഗസിന്റെ ഉറുഗ്വെയ്ക്കെതിരെയുള്ള ഗോളുപോലെ മനോഹരം. സാബല്ലയുടെ തന്ത്രങ്ങൾ വിദഗ്ദ്ധമായി നടപ്പിലാക്കിയ കളിയായിരുന്നു ഹോളണ്ടിനെതിരെയുള്ള സെമിഫൈനൽ. റോബിനേയും വാൻപെർസിയേയും മഷരോനയും സബലെട്ടിയും പെനാൽറ്റി ബോക്സിൽ തടഞ്ഞു .ഗോളി റോമെരിയോ രക്ഷകനായി പെനാൽറ്റി ഷൂട്ടൗട്ടിൽ. മുൻചാമ്പ്യൻ മാരായ സ്പെയിന്റെ ടാക്ക-ടീക്കയ്ക്കും ഡേവിഡ് വിയയ്ക്കും വയസ്സായി. ആദ്യ മത്സരത്തിൽ 5-1 ആണ് ഹോളണ്ടിനോട്‌ തോറ്റത്. അതിന്റെ ആഘാതത്തിൽ നിന്ന് അവർ മുക്തരായതേയില്ല. പോർച്ചുഗലിനും ഇത് പോലൊരു പരാജയം ജർമ്മനിയിൽ നിന്നേറ്റു. .മ്യുള്ളർ ഹാട്രിക്ക് നേടി. ആദ്യ റൗണ്ടിൽ പുറത്തായ പ്രമുഖ ടീമുകളുടെ പട്ടികയില്‍ ഇറ്റലിയുടെ പേരും കൂടി ചേർക്കണം. ഏഷ്യൻ ടീമുകൾ പോരാട്ടം നടത്താതെ തന്നെ ആയുധം വച്ച് കീഴടങ്ങി. .ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയയും അൾജീരിയയും രണ്ടാം റൗണ്ടിലെത്തി. അൾജീരിയ നീണ്ട മുപ്പത്തി രണ്ട് വർഷങ്ങൾക്ക് ശേഷം എത്തിയതാണ്.

വീരോചിതമായ ഒരു പോരാട്ടം ഘാന ജർമ്മനിയ്ക്കെതിരെ നടത്തി സമനില നേടി, പക്ഷെ രണ്ടാം റൗണ്ടിൽ എത്താൻ അപര്യാപ്തമായിരുന്ന.. പ്രീ ക്വാർട്ടറിൽ ആയിരുന്നു ശരിക്കുമുള്ള പോരാട്ടങ്ങൾ നടന്നത് .ഗ്രൂപ്പിൽ ഒന്നാമതായി എത്തിയവർ എല്ലാം ക്വാർട്ടറിൽ സ്ഥാനം പിടിച്ചു. മെക്സിക്കോയും ,അൾജീരിയയും നൈജീരിയയും നന്നായി പൊരുതി. ഗോൾ കീപ്പർ മാർ മികച്ച പ്രകടനത്താൽ ശ്രദ്ധേയരായി. മെക്സിക്കോയുടെ ഓച്ചാവോ, കൊസ്റ്ററിക്കയുടെ നവാസ്, യു എസ് എയുടെ ടിം ഹോവാർഡ് തുടങ്ങിയവർ ഒറ്റയാൾ പോരാട്ടം നടത്തി .ബൽജിയം – യു. എസ്. എ. മത്സരത്തിൽ പതിനേഴ് സേവുകളാണ് ഹോവാർഡ് നടത്തിയത്. ആവേശം വാരി വിതറിയ മത്സരങ്ങളിൽ ഒന്നായിരുന്നു ഇത്. ക്വാർട്ടർ മത്സരങ്ങളിൽ ലാറ്റിൻ അമേരിക്കൻ പോരാട്ടമായത് ബ്രസീൽ - കൊളംബിയ മത്സരം ആണ്. റോഡ്രിഗസിന്റെ പെനാൽട്ടിയും കണ്ണീരും കണ്ടു. സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങൾ അതിജീവിച്ച് വന്ന കൊളംബിയയുടെ മയക്കു മരുന്ന് മാഫിയ കൊലപ്പെടുത്തിയ എസ്കൊബാർ മര്ക്കൊസിന്റെ കഥകളിലെന്ന പോലെ നമ്മുടെ ഓർമ്മകളിൽ ഉണ്ട്. ബ്രസീൽ ജയിച്ചുവെങ്കിലും കൊളംബിയ നീതിപൂർവ്വം തങ്ങളുടെ സാന്നിധ്യമറിയിച്ചു. ഫെയർ പ്ലേ ട്രോഫിയും സ്വന്തമാക്കി. ഫ്രാൻസിന്റെ യുവനിര പൊരുതിയെങ്കിലും ജർമ്മനിയുടെ പരിചയ സമ്പന്നത അവർക്ക് തുണയായി. പ്രതീക്ഷിച്ചപോലെ ജർമ്മനി - ബ്രസീൽ; ..പിന്നെ അര്ജന്റീന - ഹോളണ്ട് സെമി ലൈൻ അപ്പ്. പ്രത്യാക്രമിച്ച് ഗോളുകൾ നേടുക എന്നൊരു തന്ത്രമാണ് ഇക്കുറി കണ്ടത് .ഗോളുകൾ സമൃദ്ധമായി ക്വാർട്ടറിൽ ഒഴികെ . ഉത്സവമൊഴിയാത്ത ക്ലബ് ഫുട്ബോൾ കളികൾ ദേശീയ ടീമിന് വലിയ പ്രയോജനമൊന്നും നൽകുന്നില്ല എന്നാണ് ലോകകപ്പ് നൽകുന്ന പാഠം. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളുടെ ക്ലബിൽ മിക്കവയിലും ലാറ്റിൻ അമേരിക്കക്കാരാണ് കളിക്കുന്നത്. ദേശീയ കളിക്കാർക്ക് പ്രാധാന്യം നൽകുന്ന ജർമ്മൻ ക്ലബുകൾ ഇതിന് അപവാദമാണ്. ബയേണ്‍ മ്യുണിക്കിന്റെ ഏഴു കളിക്കാരാണ് ജർമ്മൻ ടീമിലുള്ളത്. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയ മെസ്സി തന്റെ സജീവത നില നിരത്തി ..

സാധാരണ ടീമായിരുന്ന അർജന്റീനയെ ആ സാന്നിധ്യം കൊണ്ടും അത് വഴി മറ്റുള്ള കളിക്കാരും ആത്മ വിശ്വാസത്തോടെ കളിച്ചു. പ്രാഥമിക കളികളിൽ നാല് ഗോളുകളാണ് മെസ്സി നേടിയത് .മാഷരോനയും ഡിമാരിയയും അവസരത്തിനൊത്തുയർന്നു. ഹിഗ്വിൻ രണ്ടാം വരവിൽ നല്ല പ്രകടനം കാഴ്ചവച്ചു. റോഡ്രിഗസ് എന്ന പ്രതിഭ ഉദിച്ചുയരുമ്പോൾ ആ രാജ്യം തന്നെയാണ് പ്രതീക്ഷയിലെക്കുയരുന്നത്. ലാറ്റിൻ അമേരിക്കൻ യുറോപ്പിയൻ ശക്തികൾ തന്നെയാണ് പ്രധാനമായും മാറ്റുരച്ചത്. കോസ്റ്ററിക്കയും കൊളംബിയും ഉറോഗ്വയും ആശകിരണങ്ങൾ നൽകുന്നുണ്ട് . റഫറിയിങ്ങിന്റെ വിശ്വാസ്യത പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടു. ബ്രസീൽ - ഹോളണ്ട് ലൂസെർസ് ഫൈനലിൽ പ്രത്യേകിച്ച്. .ഫിഫ കർശന നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന പ്രതീക്ഷ .കാർഡിന് വേണ്ടിയുള്ള കളിക്കാരുടെ അഭിനയവും പാരമ്യതയിൽ എത്തി. .നെയ്മരുടെ പരിക്കിൽ കാർഡ് കൊടുത്തില്ല എന്ന ആക്ഷേപവും. സുവാരിസിന്റെ സസ്പെൻഷൻ ആ രാജ്യത്തെ തന്നെ തളർത്തി. എതിർ ടീമംഗങ്ങളെ കടിക്കുക്ക വഴി അനാരോഗ്യകരമായ വിവാദത്തിനും തിരി കൊളുത്തി ഒത്തിണക്കത്തോടെ കളിക്കുന്ന ടീമിന്റെ വിജയമാണ് ബ്രസീലിൽ കണ്ടത് .ചതുരംഗത്തിന്റെ ചാണക്യ ബുദ്ധിയോടെ തന്ത്രങ്ങൾ മെനഞ്ഞ കളികളും കണ്ടു. സൗന്ദര്യത്തിന്റെയും കരുത്തിന്റെയും അപൂർവ സമ്മേളനം തന്നെയാണ് കാൽപന്തു കളിയെ ഇത്രയേറെ പ്രിയംകരമാക്കുന്നത് .

സോഷ്യൽ നെറ്റ് വർക്കുകൾ സജീവമായ ആദ്യത്തെ ലോകകപ്പ്. വിജയാരവങ്ങളും ആതിഥേയരായ കാണികളുടെ കണ്ണീരിന്റെ ഉപ്പും കലർന്ന കാറ്റ് മരക്കാനയിൽ നിന്നുയർന്നു. പുതിയ തന്ത്രങ്ങൾക്കും താരങ്ങൾക്കുമായി കാത്തിരിക്കാം.

MURALI MEENGOTH (Malayalanatu Web Magazine)