home hb about hb events

റെക്കോഡ് ഭേദിച്ച് അടയ്ക്ക വില കുതിക്കുന്നു

  [July 12th 2014] റെക്കോഡ് ഭേദിച്ച് അടയ്ക്ക വില കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് കൊട്ടടയ്ക്ക വില റെക്കോഡ് ഭേദിച്ച് മുന്നേറുന്നു. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 50 രൂപയുടെ വര്‍ദ്ധനയാണുണ്ടായത്. ഒരു കിലോ അടയ്ക്കയ്ക്ക് 280-300 രൂപയാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളിലെ വിപണി വില. കഴിഞ്ഞ വ്യാഴാഴ്ച വരെ 225-250 രൂപയുണ്ടായിരുന്ന അടയ്ക്കയ്ക്ക് ഒറ്റയടിക്ക് 50 രൂപ വരെ കയറി. ക്വിന്റലിന് ഇപ്പോള്‍ 28,500-30,000 വരെയാണ് വില.  
അടയ്ക്ക വിലയില്‍ സര്‍വകാല റെക്കോഡാണിതെന്ന് വ്യാപാരികള്‍ പറയുന്നു. ഉത്തരേന്ത്യന്‍ വിപണിയില്‍ നിന്നുള്‍പ്പെടെ ആവശ്യക്കാര്‍ ഏറിയതും സംസ്ഥാനത്ത് അടയ്ക്കയുടെ ഉത്പാദനം കുറഞ്ഞതുമാണ് വില വര്‍ദ്ധനയ്ക്ക് കാരണം.
ഇറക്കുമതി അടയ്ക്കയുടെ വരവ് കുറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലെ വ്യാപാരികള്‍ അടയ്ക്ക സംഭരിക്കുന്നതിനായി കേരള വിപണികളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 150-170 രൂപയില്‍ നിന്ന് മെയ് അവസാന വാരത്തോടെയാണ് അടയ്ക്ക വില ഉയര്‍ന്നുന്ന തുടങ്ങിയത്. ജൂണ്‍ ആദ്യത്തോടെ 200 കടന്നു. കഴിഞ്ഞ ആഴ്ച ഇത് 250-ഉം പിന്നിട്ട് കുതിക്കുകയായിരുന്നു. വിലവര്‍ദ്ധന രണ്ടാഴ്ചയോളം തുടരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
അതേസമയം, ഈ വര്‍ഷം ഉത്പാദനത്തില്‍ വലിയ ഇടിവുണ്ടായിരിക്കുന്നതിനാല്‍ വിലവര്‍ദ്ധന കൊണ്ട് അടയ്ക്ക കര്‍ഷകര്‍ക്ക് കാര്യമായ ഗുണമുണ്ടാകാനിടയില്ല. കഴിഞ്ഞ മഴക്കാലത്ത് മഞ്ഞളിപ്പ് രോഗം മൂലം മലബാര്‍ മേഖലയില്‍ വ്യാപകമായി കവുങ്ങുകള്‍ വെട്ടിമാറ്റിയതും മധ്യകേരളത്തില്‍ ഉത്പാദനം പകുതിയായതുമാണ് ക്ഷാമത്തിനിടയാക്കിയത്. കവുങ്ങിന് മരുന്ന് തളിക്കാനോ, അടയ്ക്ക പറിക്കാനോ ആളെ കിട്ടാത്തതിനാല്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അടയ്ക്ക വില റെക്കോഡ് കടക്കുന്നത് കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നു.