home hb about hb events

മംഗലാപുരം ഇരട്ടക്കൊല തെളിഞ്ഞത് തീവ്രവാദികളെന്ന സംശയത്തില്‍നിന്ന്‌

  [July 8th 2014] മംഗലാപുരം ഇരട്ടക്കൊല തെളിഞ്ഞത് തീവ്രവാദികളെന്ന സംശയത്തില്‍നിന്ന്‌

 

കാസര്‍കോട്: മംഗലാപുരം നഗരമധ്യത്തിലെ വീട്ടില്‍ 30,000 രൂപ വാടകനല്‍കി താമസിക്കുന്ന യുവാക്കളെക്കുറിച്ച് ചിലരുടെ മനസ്സിലുണര്‍ന്ന സംശങ്ങളാണ് ഇരട്ടക്കൊലയുടെ ചുരുളഴിച്ചത്. ആഡംബരവാഹനത്തില്‍ യാത്രചെയ്തിരുന്ന യുവാക്കള്‍ അയല്‍വീടുകളുമായി ഒരുതരത്തിലും ബന്ധപ്പെട്ടിരുന്നില്ല. വാതിലുകളും ജനാലകളും എന്നും അടഞ്ഞുകിടന്നതും സംശയം ഇരട്ടിക്കാനിടയാക്കി.

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നിരീക്ഷണം തുടങ്ങിയെങ്കിലും യുവാക്കളെ കണ്ടെത്തിയില്ല. ഒടുവില്‍ ജൂലായ് മൂന്നിന് രാവിലെ വീട്ടിലെത്തുമ്പോള്‍ യുവാക്കള്‍ മുറിക്കകം കഴുകിവൃത്തിയാക്കുന്നതാണു കണ്ടതെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പഴുതുകളടച്ചുള്ള അന്വേഷണമാണ് പിന്നീടു നടന്നത്. കാസര്‍കോട്ടെത്തി പ്രതികള്‍ വിറ്റ സ്വര്‍ണം വീണ്ടെടുത്തു. അയല്‍വാസികള്‍പോലുമറിയാതെ പ്രതികളെ ശങ്കരംകാട്ടിലെത്തിച്ച്, മൃതദേഹം മറവുചെയ്ത സ്ഥലം കര്‍ണാടക പോലീസ് കണ്ടെത്തുകയും ചെയ്തു. 

മംഗലാപുരം വിമാനത്താവളം വഴി കടത്തിയ മൂന്നു കിലോ സ്വര്‍ണവുമായി നഫീര്‍ ഗോവയിലേക്കു മുങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗോവയിലും ബാംഗ്ലൂരുമായി കറങ്ങിയ നഫീറിനൊപ്പം ഫാഹിമും ചേരുകയായിരുന്നു. ലോഡ്ജ് മുറികളില്‍നിന്നുള്ള സൗഹൃദമാണ് കൊലചെയ്യപ്പെട്ടവരും പ്രതികളും തമ്മിലുണ്ടായത്. ഗള്‍ഫില്‍നിന്ന് കടത്തിയ ഒന്നര കിലോ സ്വര്‍ണം വില്‍ക്കാന്‍ സഹായിക്കുന്നതിലേക്കുവരെ അതെത്തി. പ്രതികളുടെ സഹായത്തോടെ കാസര്‍കോട്ടാണതു വിറ്റത്. അതില്‍ 70 ലക്ഷം രൂപ കിട്ടി. ആ പണം കൊണ്ട് ആഡംബരജീവിതം നയിക്കുകയായിരുന്നു യുവാക്കളെന്ന് പോലീസ് പറഞ്ഞു.

പണം തീര്‍ന്നപ്പോള്‍ ബാക്കിയുള്ള സ്വര്‍ണം വില്‍ക്കാന്‍ ശ്രമം നടന്നു. അതിനിടയില്‍ യഥാര്‍ഥ അവകാശിയുടെ പിടിയിലകപ്പെടുമെന്ന ഭീതിയും സംഘത്തിനുണ്ടായി. ഹൈദരാബാദില്‍നിന്ന് വ്യാജപാസ്‌പോര്‍ട്ടെടുത്ത് ഗള്‍ഫിലേക്കു കടക്കാനുള്ള ശ്രമം നഫീര്‍ നടത്തിയെങ്കിലും വിജയിച്ചില്ലെന്നും പോലീസ് പറഞ്ഞു.

അതിനിടയിലാണ് നഫീറിനെയും ഫാഹിമിനെയും കൊന്ന് കുരുക്കില്‍നിന്നു രക്ഷപ്പെടാന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു. ജൂലായ് ഒന്നിന് രാത്രി ഉറക്കത്തിനിടെ അത്താവറിലെ വാടകവീട്ടില്‍വെച്ചാണ് കൃത്യം നിര്‍വഹിച്ചത്. പിറ്റേന്നുച്ചയ്ക്കു രണ്ടിന് മൃതദേഹങ്ങളുമായി ശങ്കരംകാട്ടിലെത്തി. അടുത്തിടെ വാങ്ങിയ സ്ഥലത്ത് നേരത്തേ തയ്യാറാക്കിവെച്ച കുഴിയിലിറക്കിവെച്ച് മൃതദേഹങ്ങള്‍ക്കുമേല്‍ ചെങ്കല്ലുകള്‍ പാകുകയായിരുന്നു.

ഡി.സി.പി. ഡോ. കെ.വി.ജഗദീഷ്, എ.സി.പി. എന്‍.വിഷ്ണുവര്‍ധന്‍, എ.സി.പി. പവന്‍ നെജ്ജൂര്‍, സി.സി.ബി. ഇന്‍സ്‌പെക്ടര്‍ വാലൈന്റന്‍ ഡിസൂസ തുടങ്ങിയവരടങ്ങിയ സംഘമാണു കേസന്വേഷിച്ചത്.

MATHRUBHUMI NEWS