home hb about hb events

ബി.ജെ.പി. ഉദുമയിലും കാഞ്ഞങ്ങാട്ടും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും

  [May 19th 2014] ബി.ജെ.പി. ഉദുമയിലും കാഞ്ഞങ്ങാട്ടും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിതമായ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് തദ്ദേശഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് ബി.ജെ.പി. ഒരുങ്ങുന്നു. നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പാര്‍ട്ടിയില്‍ ആലോചന തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, സി.പി.എം. ശക്തികേന്ദ്രങ്ങളിലുണ്ടായ മുന്നേറ്റത്തിന്റെ തോത് ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളായ മഞ്ചേശ്വരത്തും കാസര്‍കോട്ടും ഉണ്ടാകാതിരുന്നത് പ്രവര്‍ത്തകരെയും നേതൃത്വത്തെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാന്‍ ജില്ലാനേതൃത്വം തീരുമാനിച്ചിട്ടുണ്ട്
ജില്ലയില്‍ നേതൃത്വംപോലും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് ബി.ജെ.പി.ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായത്. സി.പി.എം. കോട്ടകളില്‍ 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 5,269 മുതല്‍ 11,528 വരെ വോട്ടുകളുടെ വര്‍ധനയാണ് പാര്‍ട്ടിക്കു ലഭിച്ചത്. ഉദുമയിലെയും കാഞ്ഞങ്ങാട്ടെയും വോട്ടുവര്‍ധനയാണ് ബി.ജെ.പി.ക്ക് പുതിയ ഊര്‍ജം പകര്‍ന്നിരിക്കുന്നത്. 
സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ബി.ജെ.പി.ക്ക് 10.82 ശതമാനം വോട്ടാണ് കിട്ടിയത്. 2009-ല്‍ ഇത് 7.31 ശതമാനമായിരുന്നു. ഇത്തവണത്തെ വോട്ടുശതമാനത്തിന്റെ നല്ലൊരു പങ്ക് കാസര്‍കോട്ടുനിന്നാണ്. കാസര്‍കോട്ട് കൂടുതല്‍ കിട്ടിയ വോട്ടിന്റെ സിംഹഭാഗവും സി.പി.എം. ശക്തികേന്ദ്രങ്ങളായ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളില്‍നിന്നാണ്. എന്നാല്‍, വര്‍ഷങ്ങളായി ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ മഞ്ചേശ്വരത്ത് ഇത്തവണ 2700 വോട്ടിന്റെ വര്‍ധന മാത്രമാണുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരത്തിനുമുകളില്‍ വോട്ട് ഇവിടെ കൂടുതലായി ലഭിക്കുമെന്നാണ് ബി.ജെ.പി. നേതൃത്വം കണക്കുകൂട്ടിയിരുന്നത്. കാസര്‍കോട്ട് 1987 വോട്ടിന്റെ കുറവുണ്ടായി. ഇവിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച 43,223 വോട്ടില്‍ കൂടുതല്‍ ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്.