home hb about hb events

പെരളത്തെ യുവാക്കള്‍ പറയുന്നു വരുമാനം ചക്കയും തരും

  [May 17th 2014] പെരളത്തെ യുവാക്കള്‍ പറയുന്നു വരുമാനം ചക്കയും തരും

പുല്ലൂര്‍: പാഴാക്കാന്‍ ഒട്ടും സമയമില്ല പെരളത്തെ ഒരുകൂട്ടം യുവാക്കള്‍ക്ക്. പഠനത്തിനും മറ്റ് തൊഴിലുകള്‍ക്കുമിടയില്‍ കൂട്ടായ അധ്വാനത്തിലൂടെ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുകയാണിവര്‍.
വീടുകളില്‍ പാഴായിപോകുന്ന ചക്ക ശേഖരിച്ച് ഉപ്പേരി നിര്‍മിച്ച് വിപണിയിലെത്തിക്കുകയാണ് ആറംഗസംഘം. എം.കോം. വിദ്യാര്‍ഥിയായ വരുണാണ് ഈ ആശയം ആദ്യം മുന്നോട്ടുവെച്ചത്. പിന്തുണയുമായി കൂട്ടുകാരായ സുകേഷും മനൂഷും രതീഷും ശൈലേഷും അനീഷും രംഗത്തുവന്നു.
പുതുതലമുറയുടെ സംരഭത്തിനായി കട വിട്ടു നല്‍കാന്‍ പെരളത്തെ ആദ്യകാല വ്യാപാരിയായ കുമാരനും തയ്യാറായി.
ചക്കകള്‍ സൗജന്യമായി നല്‍കാന്‍ നാട്ടുകാരും തയ്യാറായി. വെള്ളിക്കോത്തെ ഗ്രാമീണസംരഭകത്വ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് കിട്ടിയ പരിശീലനംകൂടിയായപ്പോള്‍ കുടില്‍വ്യവസായം തുടങ്ങാന്‍ ആത്മധൈര്യവും ലഭിച്ചു. നൂറ് ഗ്രാമിന്റെയും ഇരുന്നൂറ് ഗ്രാമിന്റെയും പായ്ക്കറ്റുകളിലാണ് ചക്കഉപ്പേരി നല്‍കുന്നത്. പുല്ലൂര്‍-പെരിയ, അജാനൂര്‍ പഞ്ചായത്തുകളിലെ കടകളിലാണ് ചക്കഉപ്പേരി വില്പനക്ക് എത്തിക്കുന്നത്. 25 രൂപ നിരക്കില്‍ വില്ക്കുന്ന ചക്കഉപ്പേരിക്ക് വന്‍ ഡിമാന്റാണ് ലഭിക്കുന്നത്. ചക്ക സീസണ്‍ കഴിഞ്ഞാലും സൗഹൃദകൂട്ടായ്മയില്‍ ഉണ്ടാക്കിയ കുടില്‍വ്യവസായം വിപുലപ്പെടുത്താനാണ് ഇവരുടെ തീരുമാനം. അതിനായി അരിമുറുക്ക് നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നുണ്ട്.