home hb about hb events

ഷാര്‍ജ ഇന്ത്യന്‍ അസോസ്സിയേഷന്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

  [May 15th 2014] ഷാര്‍ജ ഇന്ത്യന്‍ അസോസ്സിയേഷന്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസ്സിയേഷനിലെ 2014-15 വര്‍ഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള ഒരുക്കം ആരംഭിച്ചു.
ഈ മാസം 30-ന് തിരഞ്ഞെടുപ്പ് നടത്താന്‍ മാനേജിങ് കമ്മിറ്റി തത്ത്വത്തില്‍ ധാരണയാകയും ഷാര്‍ജ പോലീസിന് മുന്‍പാകെ അനുമതിക്കായി അപേക്ഷിക്കുകയും ചെയ്തുകഴിഞ്ഞു. അനുമതി ലഭിച്ചാലുടന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഓഡിറ്റര്‍ അടക്കം ഏഴ് ഓഫീസ് ഭാരവാഹികളും ഏഴ് മാനേജിങ് കമ്മിറ്റിയംഗങ്ങളുമാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. 

തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിക്ക് നാലംഗങ്ങളെ കമ്മറ്റിയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള അധികാരവുമുണ്ട്. ഇതില്‍ ഒരംഗത്തിനെ പ്രസിഡന്റിന് തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് നേരിട്ട് നിയമിക്കാം. പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ള ഭാരവാഹികള്‍ക്ക് തുടര്‍ച്ചയായി രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരേ പദവി അലങ്കരിക്കാന്‍ പാടില്ല. എന്നാല്‍ മാനേജിങ് കമ്മിറ്റിയംഗങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല.

വ്യക്തമായും മലയാളി മേധാവിത്വമുള്ള ഷാര്‍ജ ഇന്ത്യന്‍ അസോസ്സിയേഷനിലെ 2,552 അംഗങ്ങള്‍ക്കാണ് വോട്ടവകാശം . എന്നാല്‍ ഇതില്‍ ഏറെപ്പേരും സ്ഥലത്തില്ലാതിരിക്കുകയോ മറ്റ് കാരണങ്ങളാലോ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധ്യത കുറവായിരിക്കും. യു.എ.ഇ.യില്‍ മാത്രമല്ല, കേരളത്തിലും ഏറെ ശ്രദ്ധ പിടിച്ചുപറ്റാറുള്ള തിരഞ്ഞെടുപ്പാണ് ഷാര്‍ജ അസോസ്സിയേഷനിലേത്. നാട്ടിലെപ്പോലെ തന്നെ ഏറെ വീറും വാശിയും ഇവിടെത്തെ തിരഞ്ഞെടുപ്പിനും പതിവാണ്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും ൈകയാങ്കളിയില്‍പ്പോലും എത്തിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. 

ദുബായില്‍ സി.ഡി.എ. അംഗീകാരമില്ലാത്ത സംഘടനകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലും രാഷ്ട്രീയം നിരോധിച്ചതായി നിലവിലുള്ള പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞിരുന്നെങ്കിലും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍തന്നെയായിരിക്കും തിരഞ്ഞെടുപ്പിനുള്ള മുന്നണി ബന്ധങ്ങള്‍ രൂപപ്പെടുന്നത്. എന്നാല്‍ രാഷ്ട്രീയ സാഹചര്യത്തിലും വോട്ടുകള്‍ വ്യക്തി ബന്ധത്തില്‍ അധിഷ്ഠിതമായിട്ടായിരിക്കും പ്രധാന മുന്നണികള്‍ രൂപവത്കരിക്കുന്നതും തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യുന്നത്. സ്ഥായിയായ ഒരു മുന്നണി ഇവിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും വിരളമാണ്.

സി.പി.എം. ഭൂരിപക്ഷാഭിമുഖ്യമുള്ള 'മാസ് ഷാര്‍ജ' എന്ന സാംസ്‌കാരിക സംഘടനയും വിവിധ ഗ്രൂപ്പുകള്‍ കൂടിച്ചേര്‍ന്ന കോണ്‍ഗ്രസ്സുമായിരിക്കും പ്രധാനമായും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുസ്ലിംലീഗ് നേതൃത്വം നല്കുന്ന കെ.എം.സി.സി.യും ഇരുമുന്നണികളെയും വിജയിപ്പിക്കുവാനുള്ള പ്രധാന വോട്ടു ബാങ്കാണ്. അഡ്വ. വൈ.എ. റഹീം പ്രസിഡന്റും കെ. ബാലകൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയുമായ നിലവിലുള്ള ഭരണസമിതി പൂര്‍ണമായും യു.ഡി.എഫ്. മുന്നണിയാണ്. എന്നാല്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കെ.എം.സി.സി. ഏത് മുന്നണിയില്‍ നില്‍ക്കുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. കെ.എം.സി.സി. പിന്തുണച്ചാല്‍ വിജയം ഉറപ്പാണെന്ന് 'മാസ് ' പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. 

യു.ഡി.എഫ്. മുന്നണി വിട്ടുപോകേണ്ട സാഹചര്യം വന്നിട്ടില്ലെന്ന് കെ.എം.സി.സി. നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ചില നീക്കുപോക്കുകള്‍ വന്നേക്കാമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നു. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകള്‍ നിലവിലുള്ളതുപോലെ ഒരേമുന്നണിയില്‍ തന്നെ തുടരുന്നതിനെക്കുറിച്ചും സന്ദേഹങ്ങളുണ്ട്. ഇരുമുന്നണികളോടും വിയോജിപ്പുള്ള ചില സ്വതന്ത്രഗ്രൂപ്പുകളും ഇപ്രാവശ്യം മത്സരരംഗത്തുണ്ടാകും എന്നറിയിച്ചിട്ടുണ്ട്. 

ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കാസര്‍കോട്, തൃശ്ശൂര്‍ ജില്ലകളിലെ വോട്ടര്‍മാരായിരിക്കും തിരഞ്ഞെടുപ്പില്‍ വിജയികളെ നിര്‍ണയിക്കുന്ന ഘടകം. എതുമുന്നണിയില്‍നിന്ന് മത്സരിച്ചാലും വ്യക്തിസ്വാധീനത്താല്‍ ജയിക്കാന്‍ കഴിവുള്ളവരില്‍ പ്രമുഖരാണ് കോണ്‍ഗ്രസ്സ് ആഭിമുഖ്യമുള്ള വൈ.എ. റഹീം, കെ. ബാലകൃഷ്ണന്‍, സി.പി.എം. പ്രവര്‍ത്തകനായ എ. മാധവന്‍ നായര്‍ പാടി എന്നിവര്‍. ഇവര്‍ ഇപ്രാവശ്യവും മത്സരിക്കുമെന്നുതന്നെയാണ് വിവരം.
ഇന്‍ഡോ അറബ് സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസ്സിയേഷന്‍ രൂപവത്കൃതമായിട്ട് 39 വര്‍ഷം കഴിഞ്ഞു. 11,612 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ സ്‌കൂളടക്കം 500 മില്യന്‍ ദിര്‍ഹം ആസ്തിയുള്ള അസോസ്സിയേഷനില്‍ 60 മില്യന്‍ ദിര്‍ഹം വിറ്റുവരവും രേഖപ്പെടുത്തിയിട്ടുണ്ട്.

Mathrubhumi News: Pravasi Lokam