home hb about hb events

യു.എ.ഇ. വിസനിയമങ്ങള്‍ കര്‍ശനമാക്കുന്നു

  [May 1st 2014] യു.എ.ഇ. വിസനിയമങ്ങള്‍ കര്‍ശനമാക്കുന്നു

ദുബായ്: യു.എ.ഇ.യില്‍ കുടുംബങ്ങളെ കൊണ്ടുവരുന്നവര്‍ക്ക് പുതിയ നിബന്ധനകള്‍ വരുന്നു. മെയ് ഒന്നുമുതല്‍ യു.എ.ഇ. വിസ നല്‍കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങളും വ്യവസ്ഥകളും നടപ്പാക്കും. 


9,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്കുമാത്രമേ ഇനിമുതല്‍ കുടുംബവിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അതേസമയം, നിലവിലുള്ള കുടുംബവിസയ്ക്ക് ഈ നിയമഭേദഗതി ബാധകമാകില്ല. നേരത്തേ 4,000 ദിര്‍ഹത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് ഭാര്യയ്ക്കും കുട്ടികള്‍ക്കും റെസിഡന്റ് വിസയെടുക്കാന്‍ യോഗ്യതയുണ്ടായിരുന്നു. ആ വ്യവസ്ഥയാണിപ്പോള്‍ 9,000 ആയി ഉയര്‍ത്തിയത്. തൊഴില്‍കരാര്‍ എമിഗ്രേഷന്‍ വകുപ്പില്‍ സാക്ഷ്യപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് ഇത് ബാധകമല്ല. മെയ് ഒന്ന് വ്യാഴാഴ്ചമുതല്‍ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് താമസ-കുടിയേറ്റ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ അപേക്ഷകന്റെ പേരിലുള്ള താമസരേഖയും നിര്‍ബന്ധമാണ്. കമ്പനിയാണ് താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നതെങ്കില്‍ ഇക്കാര്യം തെളിയിക്കുന്ന രേഖകളും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. എമിറേറ്റ്‌സ് ഐഡിയും വിസ അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

18 വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍മക്കള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ വിവാഹിതയല്ല എന്ന് വ്യക്തമാക്കുന്ന അറബിക് ഭാഷയിലുള്ള സ്‌പോണ്‍സറുടെ ഒപ്പുള്ള കത്തും സമര്‍പ്പിക്കണം. വീക്ക് പ്രൊഫണല്‍ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ മൂന്നുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. രക്ഷിതാക്കളെ െറസിഡന്റ് വിസയില്‍ കൂടെ കൊണ്ടുവന്ന് താമസിക്കുന്നതിന് പ്രതിമാസം 20,000 ദിര്‍ഹം ശമ്പളം വേണമെന്ന വ്യവസ്ഥയും കര്‍ശനമാക്കുകയാണ്. അച്ഛനെയോ അമ്മയെയോ ഒരാളെ മാത്രമായി കൊണ്ടുവരുന്നതിനും തടസ്സമുണ്ട്. രണ്ടുപേരെയും ഒന്നിച്ച് കൊണ്ടുവരണമെന്നതാണ് നിയമം. ആരുടെയെങ്കിലും മരണശേഷമാണ് മറ്റേയാളെ കൊണ്ടുവരുന്നതെങ്കില്‍ മരണസര്‍ട്ടിഫിക്കറ്റും വിസാ അപേക്ഷയോടൊപ്പം നിര്‍ബന്ധമാണ്.

MATHRUBHUMI NEWS