home hb about hb events

കാട്ടാനകള്‍ സ്‌കൂള്‍കുട്ടികളെ ഓടിച്ചു; രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നാലുപേര്‍ക്ക് പരിക്ക്‌

  [September 24th 2014] കാട്ടാനകള്‍ സ്‌കൂള്‍കുട്ടികളെ ഓടിച്ചു; രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നാലുപേര്‍ക്ക് പരിക്ക്‌

മുള്ളേരിയ: അഡൂര്‍ പാണ്ടിയില്‍ കാട്ടാനകള്‍ സ്‌കൂള്‍കുട്ടികളെ ഓടിച്ചു. കുട്ടികളെ രക്ഷിക്കാനൂള്ള ശ്രമത്തിനിടയില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. പാണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുമ്പിലെത്തിയ ആനക്കൂട്ടം സ്‌കൂള്‍കുട്ടികള്‍ക്കു നേരെ തിരിഞ്ഞപ്പോള്‍ കുട്ടികള്‍ ഓടി. കുട്ടികളെ രക്ഷിക്കുന്നതിനിടയില്‍ പാണ്ടിയിലെ രമേശന്‍ (28), രവീന്ദ്രന്‍ ബയല്‍(35), രാധാകൃഷ്ണന്‍(24), അഷ്‌റഫ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

രണ്ടു കുട്ടിയാനകള്‍ അടക്കം അഞ്ച് ആനകളാണ് ദേലമ്പാടി പഞ്ചായത്തിലെ അഡൂര്‍-പാണ്ടി റോഡില്‍ വൈകുന്നേരത്തോടെ എത്തിയത്. പാണ്ടി അക്കരക്കാട് മേഖലയില്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചതിനു ശേഷമാണ് ആനക്കൂട്ടം പാണ്ടി ടൗണില്‍ എത്തിയത്. കൂട്ടമായി വരുന്ന ആനകളെ കണ്ടതോടെ പാണ്ടി ടൗണിലുണ്ടായിരുന്ന സ്‌കൂള്‍കുട്ടികള്‍ അടക്കം നൂറുകണക്കിനുപേര്‍ ഓടിമാറാന്‍ ശ്രമിച്ചു. 


നാലുദിവസമായി ഈ മേഖലയില്‍ കാട്ടാനക്കൂട്ടം രാത്രിയില്‍ കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നെങ്കിലും ആദ്യമായാണ് പകല്‍ ടൗണിലൂടെ ആനക്കൂട്ടം വന്നത്. രാത്രി എട്ടുമണിവരെ പാണ്ടി ഭജനമന്ദിരത്തിനു സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചു. പടക്കംപൊട്ടിച്ച് ആനകളെ ഉള്‍വനത്തിലേക്ക് ഓടിക്കാനുള്ള ശ്രമത്തിലാണ് വനപാലകരും നാട്ടുകാരും. 

അക്കരക്കാട് സത്യനാരായണ ഭട്ടിന്റെ 100 വാഴകളും 20 തെങ്ങും നശിപ്പിച്ചു. കൃഷിക്ക് ജലസേചനത്തിനായി ഉപയോഗിക്കുന്ന രണ്ട് കുളങ്ങളും ആനകള്‍ തകര്‍ത്തു.