മംഗള്‍യാന്‍: ഇന്ത്യ നേടിയത് അസാധ്യമായ വിജയമെന്ന് പ്രധാനമന്ത്രി
[September 24th 2014]ബാംഗ്ലൂര്‍: മംഗള്‍യാന്‍ ദൗത്യത്തിലൂടെ ഇന്ത്യ നേടിയത് അസാധ്യമായ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6500 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യവംശത്തിന്റെ സങ്കല്‍പശേഷിയുടെ അതിരുകള്‍ കടക്കാന്‍ ഇന്ത്യക്കായി. ഒരു ചരിത്രനിമിഷമാണ് ഇത്, ഈ നേട്ടം കൈവരിക്കാനായ എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ബാംഗ്ലൂരിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ സംസാരിക്കവേ പറഞ്ഞു. 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന മംഗള്‍യാന്‍ ദൗത്യത്തിന്റെ സുപ്രധാനഘട്ടമായ ചൊവ്വാപഥപ്രവേശനത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച വൈകിട്ട് തന്നെ ബാംഗ്ലൂരിലെത്തിയിരുന്നു. 'ഇതോടെ ചൊവ്വാ ദൗത്യം വിജയിപ്പിച്ച നാലാമത്തെ വന്‍ശക്തിയായി ഇന്ത്യ മാറി'-പ്രധാനമന്ത്രി പറഞ്ഞു. 51 ചൊവ്വാദൗത്യങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ഇതുവരെ അയച്ചതില്‍ 21 എണ്ണം മാത്രമാണ് വിജയിച്ചത്. അതില്‍ ആദ്യദൗത്യം തന്നെ വിജയിപ്പിച്ചത് ഇന്ത്യ മാത്രമാണ്. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. 'മാം കഭി നിരാശ് നഹി കര്‍ത്തിഹെ' എന്നാണ് പ്രധാനമന്ത്രി ആദ്യം പ്രതികരിച്ചത്. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (മോം) എന്നതിന്റെ ചുരുക്കരൂപത്തെ മാം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സൂര്യനില്‍നിന്ന് പ്രകാശകിരണങ്ങള്‍ ഭൂമിയിലെത്തുന്നതിനേക്കാള്‍ ദൂരം സഞ്ചരിച്ചാണ് മംഗള്‍യാനില്‍നിന്ന് റേഡിയോ സിഗ്നലുകള്‍ എത്തിയത്. ഈ വിജയം നേടാനായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍മാര്‍ ഏറെ ത്യാഗം അനുഭവിച്ചു. ഒരു ഹോളിവുഡ് സിനിമയേക്കാള്‍ കുറഞ്ഞ ചെലവില്‍ മംഗള്‍യാന്‍ വിജയിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു.