ഭീകരവാദം : പരമാവധി ശിക്ഷ നല്‍കാന്‍ യു.എ.ഇ. നിയമനിര്‍മാണം നടത്തുന്നു
[July 8th 2014]ദുബായ്: ഭീകര പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന പ്രതികള്‍ക്ക് പരമാവധിശിക്ഷ നല്‍കാന്‍ യു.എ.ഇ. നിയമനിര്‍മാണം നടത്തുന്നു. ഭീകര വാദത്തിനെതിരെയുള്ള നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്.
രാഷ്ട്രത്തിനും ഭരണകൂടത്തിനുമെതിരെ ഭീകരപ്രവര്‍ത്തനം നടത്തുകയോ അതിനായി സഹായധനം നല്‍കുകയോ ഇത്തരം സംഘങ്ങള്‍ക്കായി പ്രചരണം നടത്തുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് കരട് നിയമം അനുശാസിക്കുന്നത്. പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുംവിധമാണ് നിയമനിര്‍മാണം നടത്തുന്നത്. 10 കോടി ദിര്‍ഹമിന്റെ പിഴ ചുമത്താനും ചട്ടമുണ്ട്.
നാലു മാസത്തെ ഇടവേളയ്ക്ക് ശേഷം ജൂലായ് അവസാനത്തോടെ പുനരാരംഭിക്കുന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കരട് നിയമം ചര്‍ച്ച ചെയ്യും. രാഷ്ട്രമേധാവിക്കും കുടുംബത്തിനും അദ്ദേഹത്തിന്റെ പ്രതിനിധിക്കും നേരേയുള്ള ആക്രമണം, ഭീകരസംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യല്‍, തട്ടിക്കൊണ്ടുപോകല്‍, ബന്ദികളാക്കല്‍, ഭീകരവാദങ്ങളുടെ ഭാഗമായി നയതന്ത്ര പ്രതിനിധികളെ ൈകയേറ്റം ചെയ്യല്‍, കാര്യാലയങ്ങള്‍ അതിക്രമിക്കല്‍, രാസ, ജൈവ, ആണവ ആയുധങ്ങളുടെ പ്രയോഗം, സുരക്ഷാസേനയെ അധിക്ഷേപിക്കല്‍ തുടങ്ങിയവയാണ് കരടുനിയമ പ്രകാരം വധശിക്ഷയ്ക്ക് പ്രേരകമായേക്കാവുന്ന കുറ്റങ്ങള്‍.
70 വകുപ്പുകളുള്ള കരട് നിയമം രാജ്യത്തിന് ഭീഷണിയായേക്കാവുന്ന സംഘടനകളെയും വ്യക്തികളെയും ഭീകരവിരുദ്ധ നിയമത്തിന് കീഴില്‍ കൊണ്ടുവരാനും മന്ത്രിസഭയ്ക്ക് അനുവാദം നല്‍കുന്നുണ്ട്. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പ്രതികള്‍ക്ക് കൗണ്‍സലിങ് നല്‍കാനായി ജയിലിനകത്ത് സെന്ററുകള്‍ സ്ഥാപിക്കാനും നിയമം അനുശാസിക്കുന്നു. 2004-ല്‍ യു.എ.ഇ. നടപ്പാക്കിയ ഭീകരവിരുദ്ധ നിയമമാണ് ഇപ്പോള്‍ കൂടുതല്‍ കര്‍ക്കശമായ വകുപ്പുകളോടെ പുനര്‍നിര്‍മിക്കുന്നത്.