മുന്‍ എം.എല്‍.എ എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ അന്തരിച്ചു
[June 15th 2014]കാഞ്ഞങ്ങാട്: മുന്‍ ഉദുമ എം.എല്‍.എ എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ (90) അന്തരിച്ചു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഓലക്കര വീട്ടുവളപ്പില്‍.
1982ലാണ് ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തിയത്. കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയതെങ്കിലും ഇടത് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിച്ചത്. കോണ്‍ഗ്രസ് നേതാക്കളെ തഴഞ്ഞ് ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നുവെന്ന പ്രശ്‌നം ഉന്നയിച്ചാണ് അദ്ദേഹം ഇടത് സ്വതന്ത്രനായി മത്സരിച്ചത്.
പിന്നീട് 1984 ല്‍ കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തി. ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച എം.എല്‍.എ സ്ഥാനം രാജിവെച്ചാണ് അദ്ദേഹം മാതൃ സംഘടനയിലേക്ക് തിരിച്ചെത്തിയത്. പിന്നീട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വീണ്ടും ജനവിധി തേടിയെങ്കിലും വിജയിക്കാനായില്ല.
21 വര്‍ഷം തുടര്‍ച്ചയായി പനത്തടി പഞ്ചായത്തിന്റെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക്, പനത്തടി സര്‍വീസ് സഹകരണ ബാങ്ക് എന്നിവയുടെ പ്രസിഡണ്ടായും എ.ഐ.സി.സി അംഗം, കെ.പി.സി.സി അംഗം, കര്‍ഷക കോണ്‍ഗ്രസ് (ഐ) സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളജ്, ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളുടെ മാനേജരായിരുന്നു.
മദ്രാസ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കോടോത്ത് കുഞ്ഞമ്പു നായരുടെയും മാവില മാണിക്യം അമ്മയുടെയും മകനാണ്. ഭാര്യ: കോടോത്ത് ശാന്ത. മക്കള്‍: ഡോ. ജയപ്രസാദ് (മസ്‌ക്കത്ത്), പ്രമീള (ഫ്‌ളോറിഡ, അമേരിക്ക), ഡോ. പ്രവീണ (തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ്). മരുമക്കള്‍: അനു (മംഗലാപുരം), ഡോ. മധുസൂദനന്‍ (ഫ്‌ളോറിഡ, അമേരിക്ക). സഹോദരങ്ങള്‍: മുന്‍ കാസര്‍കോട് എം.എല്‍.എ എം.കെ നമ്പ്യാര്‍, പരേതരായ മാധവി അമ്മ, മീനാക്ഷി അമ്മ.