അനാഥബാല്യങ്ങള്‍ ഇനി സര്‍ക്കാരിന്റെ മക്കള്‍
[June 5th 2014]ബന്തടുക്ക: തിരുവനന്തപുരത്ത് യൂത്ത് പാര്‍ലമെന്റില്‍ സഹപാഠികളുടെ പ്രശ്‌നം അവതരിപ്പിച്ച് അഖില മോഹനന് ഇനി അഭിമാനിക്കാം. അഖിലയുടെ സഹപാഠികളായ സാജു, സജന, സന്ധ്യ എന്നീ സഹോദരങ്ങളെ കേരള സര്‍ക്കാര്‍ ദത്തെടുക്കാന്‍ തീരുമാനിച്ചു.
വ്യാഴാഴ്ചമുതല്‍ കുണ്ടംകുഴിയിലെ അനാഥബാല്യങ്ങള്‍ സര്‍ക്കാരിന്റെ മക്കളാകും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട് വാതില്‍പോലും ഇല്ലാത്ത കൂരയില്‍ കഴിഞ്ഞ കുട്ടികളുടെ ദുരിതം ജനശ്രദ്ധയില്‍ കൊണ്ടുവന്നത് 'മാതൃഭൂമി'യാണ്. തുടര്‍ന്ന് കുട്ടികളെ പഠിപ്പിക്കാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ടുവന്നെങ്കിലും ഒടുവില്‍ അവരെ സര്‍ക്കാര്‍ ദത്തെടുക്കാന്‍ തീരുമാനിച്ചു.
ഇടുക്കി സ്വദേശി തോമസിന്റെയും കുണ്ടംകുഴി സ്വദേശി വാരിജയുടെയും മക്കളാണ് ഈ കുട്ടികള്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് തോമസ് നാടുവിട്ടുപോയി. പിന്നീട് മരിച്ചവിവരമാണ് തങ്ങള്‍ അറിഞ്ഞതെന്ന് സാജു പറഞ്ഞു. വാരിജ രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മരിച്ചു.
കുണ്ടംകുഴി മാര്‍ഗം തറവാടിന്റെ സമീപമുള്ള ചെറ്റക്കുടിലിലാണ് സാജുവും സജനയും സന്ധ്യയും കഴിഞ്ഞിരുന്നത്. പഠിക്കുന്ന സാജു കൂലിവേലചെയ്തു കിട്ടുന്ന പണം കൊണ്ടാണ് മൂവരുടെയും നിത്യച്ചെലവുകള്‍ നിര്‍വഹിച്ചിരുന്നത്. സജന പതിനൊന്നാംതരത്തിലേക്ക് ജയിച്ചു. സന്ധ്യ ഒമ്പതാം ക്ലാസിലാണ്.
കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരായ ഹാഷിം, ബിജു ജോസഫ്, ബാലകൃഷ്ണന്‍, മുരളീധരന്‍ നായര്‍, ശശി എന്നിവരാണ് കുട്ടികളുടെ വിഷമാവസ്ഥ ജനശ്രദ്ധയില്‍ കൊണ്ടുവന്നത്. സ്‌കൂളില്‍നിന്ന് പിരിഞ്ഞു കിട്ടിയ 7000 രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. എങ്കിലും സജു അവധിക്കാലത്ത് സിമന്റ് തേപ്പ് പണിക്ക് സഹായിയായി പോകുമായിരുന്നു.
സര്‍ക്കാര്‍ നടത്തിയ മാതൃകാ പാര്‍ലമെന്റ് മത്സരത്തില്‍ ജില്ലയിലെ മികച്ച പാര്‍ലിേെമന്ററിയനായി തിരഞ്ഞെടുക്കപ്പെട്ടത് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഖില മോഹനനും, ബല്ല ഈസ്റ്റ് സ്‌കൂളിലെ അഞ്ജുവുമായിരുന്നു. ഇരുവരും തിരുവനന്തപുരത്ത് നടന്ന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്തു. വ്യാഴാഴ്ച കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വന്ന് മുഖ്യമന്ത്രിയെ കാണാനാണ് കുട്ടികള്‍ക്കും അഖിലയ്ക്കും നിര്‍ദേശം നല്കിയിരിക്കുന്നത്.