യു.എ.ഇ.യില്‍ വിദേശ അധ്യാപകര്‍ക്ക് ലൈസന്‍സ് അടുത്ത വര്‍ഷം മുതല്‍ പരിശീലനക്ലാസും പരീക്ഷയും നിര്‍ബന്ധം
[June 5th 2014]ദുബായ്: യു.എ.ഇ.യില്‍ വിദേശ അധ്യാപകര്‍ക്ക് 2015 മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് സൂചന. വിദ്യാഭ്യാസമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളിലാണ് അടുത്തവര്‍ഷം നിബന്ധന നിലവില്‍വരാനുള്ള സാധ്യത വ്യക്തമാക്കുന്നത്. രാജ്യത്തുള്ള 60,000-ത്തോളം വിദേശ അധ്യാപകര്‍ക്ക് നിബന്ധന ബാധകമാകും. എന്നാല്‍, നിശ്ചിത രാജ്യങ്ങളില്‍ നിന്നുള്ള അധ്യാപകരെ നിബന്ധനയില്‍നിന്ന് ഒഴിവാക്കുമെന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മര്‍വാന്‍ ആല്‍ സ്വാലിഹ് വ്യക്തമാക്കി.
സ്‌കൂളില്‍ പ്രവേശിക്കാനുദ്ദേശിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ആദ്യംതന്നെ പരിശീലനകോഴ്‌സിന് രജിസ്റ്റര്‍ചെയ്യണം. ഇത് പൂര്‍ത്തിയാക്കിയതിനുശേഷം പരീക്ഷയ്ക്ക് ഹാജരാകുകയും ലൈസന്‍സ് കരസ്ഥമാക്കുകയും വേണം. നിലവിലുള്ള ചട്ടപ്രകാരം ഡിഗ്രി യോഗ്യതയുള്ളവര്‍ക്കേ രാജ്യത്ത് അധ്യാപകജോലി ചെയ്യാന്‍ അനുമതിയുള്ളൂ.
രാജ്യത്ത് ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യുന്നതിന് തത്തുല്ല്യമായ നിബന്ധനയാണ് അധ്യാപകരുടെ കാര്യത്തിലും നടപ്പിലാക്കുന്നതെന്ന് മര്‍വാന്‍ ആല്‍സ്വാലിഹ് ചൂണ്ടിക്കാട്ടി. 'ഒരു സാധാരണ രാജ്യത്തെ മാനദണ്ഡമനുസരിച്ചുള്ള അധ്യാപകരെ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാന്‍ അനുവദിക്കില്ല. മികച്ച അധ്യാപകരുടെ കീഴില്‍ പരിശീലനം ലഭിക്കാനുള്ള അവകാശം കുട്ടികള്‍ക്കുണ്ട്'-അദ്ദേഹം പറഞ്ഞു.
ലൈസന്‍സിങ് സമ്പ്രദായം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ആവിഷ്‌കരിക്കുന്ന ചട്ടങ്ങള്‍ മന്ത്രിസഭയ്ക്കുമുന്നില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി പദ്ധതി മന്ത്രിസഭയ്ക്കുമുമ്പാകെ വെക്കും. അംഗീകരിക്കപ്പെട്ടാല്‍ 2015 മുതല്‍ ഘട്ടംഘട്ടമായി നിബന്ധന നടപ്പിലാക്കിത്തുടങ്ങും. പുതിയ മാര്‍ഗനിര്‍ദേശം പാലിക്കുന്നതിന് ഒന്നോ രണ്ടോ വര്‍ഷത്തെ സാവകാശം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ വിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താനുള്ള സമഗ്രപദ്ധതിയാണ് മന്ത്രാലയം ആവിഷ്‌കരിക്കുന്നതെന്ന് മന്ത്രി ഹുമൈദ് ആല്‍ ഖതമി ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അടുത്തവര്‍ഷം മുതല്‍ ഇസ്ലാമിക പഠനം, അറബിക് ഭാഷ, യു.എ.ഇ. ദേശീയത എന്നിവ നിര്‍ബന്ധമാക്കുന്ന പാഠ്യപദ്ധതിക്ക് രൂപംനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.