സൈന്യത്തിന്റെ ലക്ഷ്യം മൂവായിരത്തോളം പുതിയ പട്ടാളക്കാര്
[May 19th 2014]കാസര്‌കോട്: എട്ടു ജില്ലകളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും യുവാക്കളെ കരസേനയിലേക്ക് തിരഞ്ഞെടുക്കാനുള്ള റാലി തിങ്കളാഴ്ച തുടങ്ങും. രണ്ടായിരം മുതല് മൂവായിരം വരെ യുവാക്കള് 12 ദിവസങ്ങളിലായി നടക്കുന്ന റാലിയിലൂടെ സൈനികരാകുമെന്നാണ് കരുതുന്നത്. വിദ്യാനഗറിലുള്ള കാസര്‌കോട് മുനിസിപ്പല് സ്‌റ്റേഡിയത്തില് തിങ്കളാഴ്ച രാവിലെ അഞ്ചുമണി മുതല് കായികക്ഷമത തെളിയിക്കാനായി യുവാക്കള് ഓടിത്തുടങ്ങും. കായികക്ഷമതാ പരീക്ഷയ്ക്ക് അര്ഹത നേടുന്നതിനായി ഉയരം, സര്ട്ടിഫിക്കറ്റ് പരിശോധന, രജിസ്റ്റര് നമ്പര് നല്കല് എന്നിവ ഞായറാഴ്ച വൈകിട്ട് തുടങ്ങി.
കാസര്‌കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗാര്ഥികള്ക്കായാണ് റാലി. കോഴിക്കോട്, തിരുവനന്തപുരം ആര്മി റിക്രൂട്ട്‌മെന്റ് ഓഫീസുകള് സംയുക്തമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. 2011 ഡിസംബറിലാണ് ഇതിനുമുമ്പ് തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ഏതാണ്ട് 1500ഓളം പേര്ക്കാണ് കരസേനയില് ജോലി ലഭിച്ചത്..
തിങ്കളാഴ്ച മുതല് 24 വരെ കാസര്‌കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും 25 മുതല് 30 വരെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലെയും ഉദ്യോഗാര്‍ഥികളുടെ തിരഞ്ഞെടുപ്പ് നടക്കും.
കായികക്ഷമതാപരീക്ഷയില് നിശ്ചിതസമയത്തില് 1.6 കിലോമീറ്റര് നടത്തം, പുള് അപ്‌സ്, സിഗ്‌സാഗ് ബാലന്‌സ് എന്നിവയാണ് പ്രധാനമായി ഉണ്ടാവുക.
ഞായറാഴ്ച വൈകിട്ട് നാലുമണിമുതലാണ് സര്ട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയത്. നിശ്ചിത ഉയരമുള്ള യുവാക്കളുടെ സര്ട്ടിഫിക്കറ്റുകളാണ് പരിശോധിച്ചത്. ഇവര്ക്ക് തിങ്കളാഴ്ച രാവിലെ കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാനുള്ള രജിസ്റ്റര്‌നമ്പര് നല്കുകയും ചെയ്തു.
MATHRUBHUMI NEWS