home hb about hb events

മുഖം വാടിയും തെളിഞ്ഞും തൊഴിലാളികള്‍

  [May 17th 2014] മുഖം വാടിയും തെളിഞ്ഞും തൊഴിലാളികള്‍

 

ഷാര്‍ജ: ഫലപ്രഖ്യാപനദിനമായ വെള്ളിയാഴ്ച കേരളത്തിന്റെ ഒരു പരിച്ഛേദംതന്നെയാണ് തൊഴിലാളി ക്യാമ്പുകളില്‍ കണ്ടത്. ഷാര്‍ജ വ്യവസായമേഖലയിലെ തൊഴിലാളികള്‍ ഫലമറിയുന്നതിനായി അതിരാവിലെതന്നെ ടി.വി.ക്ക് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ക്യാമ്പുകളിലെ മുറികളിലും ഹാളുകളിലുമൊക്കെയായി കൂട്ടംകൂടിയായിരുന്നു ഫലംകേള്‍ക്കലും ആവേശപ്രകടനവുമൊക്കെ. 
അവധിദിനമായതിനാല്‍ ഒന്നിച്ചിരുന്ന് ഫല പ്രഖ്യാപനം വീക്ഷിക്കാനായെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. പലരും രാവിലത്തെ ഭക്ഷണംപോലും കഴിക്കാതെയാണ് ടി.വിക്ക് മുന്നിലെത്തിയത്. സ്ഥാനാര്‍ഥികളുടെ ലീഡ്‌നില കൂടിയും കുറഞ്ഞുമിരിക്കുമ്പോള്‍ ആഭിമുഖ്യമുള്ള തൊഴിലാളികളുടെ മുഖത്ത് സന്തോഷവും സങ്കടവും മാറിമാറി പ്രതിഫലിക്കുന്നത് കാണാമായിരുന്നു. മുന്നണികളുടെ വിജയത്തേക്കാള്‍, തങ്ങളുടെ പ്രവചനങ്ങള്‍ എത്രത്തോളം ശരിയായി എന്നറിയാനായിരുന്നു ചിലര്‍ക്ക് ആവേശം. മറ്റുചിലര്‍ ജയപരാജയങ്ങള്‍ നാട്ടിലെ സുഹൃത്തുക്കളുമായി ഫോണില്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വ്യത്യസ്ത ആശയ ഗതിയുള്ളവര്‍ക്കുപോലും തിരുവനന്തപുരത്ത് ഒ.രാജഗോപാല്‍ പരാജയപ്പെട്ടത് വിഷമമായി. നരേന്ദ്രമോദി സര്‍ക്കാറില്‍ രാജ്യസഭയിലൂടെ അദ്ദേഹം മന്ത്രിയാകുമെന്ന് ആശ്വാസം കൊള്ളുകയും ചെയ്തു. 
തിരഞ്ഞെടുപ്പുഫലം വന്നതോടുകൂടി 'ഓഹരി വിപണിയില്‍ മുന്നേറ്റം പ്രകടനമായത് പ്രവാസികള്‍ക്ക് ദോഷകരമായി മാറുമെന്ന ആശങ്ക തൊഴിലാളികള്‍ പങ്കുവെക്കുന്നു. നാട്ടിലേക്ക് അയയ്ക്കാനായി ദിര്‍ഹം കൊടുക്കുമ്പോള്‍ ലഭിക്കുന്ന രൂപയുടെ തോത് കുറയുമെന്ന വേവലാതിയാണ് ഈ ആശങ്കയ്ക്കു പിന്നില്‍.