ആകെ വോട്ടിന്റെ ആറിലൊന്നിലധികം കിട്ടാത്തവര്‍ക്ക് കെട്ടിവെച്ച പണം പോകും
[May 17th 2014]കാസര്‍കോട്: പോസ്റ്റല്‍ വോട്ടടക്കം മണ്ഡലത്തില്‍ ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ ആറില്‍ ഒന്നിലധികം കിട്ടാത്ത സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച പണം നഷ്ടമാകും. മണ്ഡലത്തില്‍ 9,73,592 വോട്ടാണ് രേഖപ്പെടുത്തിയത്. 1,928 പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കിയിട്ടുണ്ട്. മെയ് 15 വരെ 1,249 പോസ്റ്റല്‍ ബാലറ്റുകളാണ് അധികൃതര്‍ക്ക് തിരിച്ചുകിട്ടിയത്. ആകെ നല്‍കിയ പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും കൂട്ടിയാല്‍ 1,62,586 വോട്ട് കിട്ടാത്തവര്‍ക്കെല്ലാം കെട്ടിവെച്ച പണം പോകും.
25,000 രൂപയാണ് ഇപ്പോള്‍ സ്ഥാനാര്‍ഥി കെട്ടിവെക്കുന്നത്. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ അത് പതിനായിരം രൂപയായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ സ്ഥാനാര്‍ഥികള്‍ക്ക് പകുതി പണം കെട്ടിവെച്ചാല്‍ മതി.
കഴിഞ്ഞതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി കെ.സുരേന്ദ്രനടക്കം നാല് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച പണം പോയിരുന്നു. ബി.എസ്.പി. സ്ഥാനാര്‍ഥി കെ.എച്ച്.മാധവി, സ്വതന്ത്രസ്ഥാനാര്‍ഥികളായ അബ്ബാസ് മുതലപ്പാറ, മോഹന നായിക്, പി.കെ.രാമന്‍ എന്നിവര്‍ക്കാണ് തുക നഷ്ടപ്പെട്ടത്. മാധവിക്കും രാമനും അയ്യായിരം രൂപ വീതമാണ് നഷ്ടപ്പെട്ടത്. സുരേന്ദ്രന് 15,700 വോട്ടിന്റെ കുറവിനാണ് കെട്ടിവെച്ച പണം പോയത്.