home hb about hb events

ഇത് പുതിയചരിത്രം; ദേശീയ രാഷ്ട്രീയത്തിന്റെ ഗതിമാറുന്നു

  [May 16th 2014] ഇത് പുതിയചരിത്രം; ദേശീയ രാഷ്ട്രീയത്തിന്റെ ഗതിമാറുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെങ്ങും ആഞ്ഞടിച്ച മോദി സുനാമി ദേശീയരാഷ്ട്രീയത്തിന്റെ ഗതി മാറ്റുകയാണ്. മൂന്ന് പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഏതെങ്കിലും ഒരു പാര്‍ട്ടി തനിച്ച് കേവലഭൂരിപക്ഷം നേടുന്നത്. രണ്ടുപതിറ്റാണ്ടായി കേന്ദ്രത്തില്‍ നിലനില്‍ക്കുന്ന മുന്നണി ഭരണസംവിധാനത്തിന് തിരശ്ശീല വീണു. 

ജാതി അടിസ്ഥാനത്തിലുള്ള പ്രാദേശിക പാര്‍ട്ടികള്‍ കഴിഞ്ഞ കുറച്ചുകാലമായി ദേശീയതലത്തില്‍, (യു.പി. യിലും ബിഹാറിലുമാണ് അവര്‍ക്ക് പ്രധാന സ്വാധീനമെങ്കില്‍പ്പോലും) നടത്തിക്കൊണ്ടിരിക്കുന്ന സ്വാധീനവും ഇല്ലാതാവുകയാണ്.

കോണ്‍ഗ്രസ് അല്ലാത്ത ഒരു പാര്‍ട്ടി കേന്ദ്രത്തില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരുന്നതും ഇതാദ്യമാണ്. കോണ്‍ഗ്രസ്സും ഇടതുപക്ഷവും അവയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഇടതുപക്ഷത്തിനും ബി.എസ്.പി.ക്കും ദേശീയപാര്‍ട്ടികളെന്ന അംഗീകാരം ഈ തിരഞ്ഞെടുപ്പോടെ നഷ്ടപ്പെടും. ജാതിമത ചട്ടക്കൂടുകള്‍ മാറ്റിവെച്ച് ഉത്തര, പശ്ചിമ ഇന്ത്യയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഇതാദ്യമായി ബി.ജെ.പി.യോടൊപ്പം നിന്നു. ദക്ഷിണേന്ത്യയില്‍ കേരളവും തമിഴ്‌നാടുമൊഴികെ മറ്റിടങ്ങളിലും മോദി പ്രഭാവമുണ്ടായി. ഈ ചരിത്ര വിജയത്തിലേക്ക് ബി.ജെ.പി. യെ നയിച്ചത് രാഷ്ട്രീയപശ്ചാത്തലത്തോടൊപ്പം മോദിയുടെ വ്യക്തി പ്രഭാവവും പ്രചാരണതന്ത്രങ്ങളും മാധ്യമപിന്തുണയുമാണ്. 

യു.പി.എ. സര്‍ക്കാറിനെതിരായ വന്‍ ജനവികാരം പരമാവധി മുതലാക്കാന്‍ മോദിക്ക് സാധിച്ചു. വന്‍ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും മറുമരുന്നായി ഗുജറാത്ത് മോഡല്‍ വികസനവും നല്ലഭരണവും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രചാരണം. രാഷ്ട്രീയബദലിന് ആഗ്രഹിച്ച ജനങ്ങളുടെ പ്രതീക്ഷ വാനോളം ഉയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. 

യുവതലമുറയെ ലക്ഷ്യംവെച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളില്‍ മോദി തുടക്കംമുതലേ ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി വിവിധ സൗഹൃദക്കൂട്ടായ്മകളിലൂടെയുള്ള പ്രചാരണം അദ്ദേഹം ശക്തിപ്പെടുത്തുകയും ചെയ്തു. എല്ലാംകൂടിയായപ്പോള്‍ ഒരു 'രക്ഷകന്റെ'പരിവേഷമാണ് പ്രചാരണത്തിനൊടുവില്‍ അദ്ദേഹത്തിന് വന്നുചേര്‍ന്നത്. കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയുമായുള്ള ജനങ്ങളുടെ താരതമ്യം ചെയ്യലില്‍ മോദി എന്നും ഉയര്‍ന്നുനിന്നു. രാജ്യം പലപ്പോഴും വോട്ടു ചെയ്യുക നേതാവിനാണ് പാര്‍ട്ടിക്കല്ല എന്ന സിദ്ധാന്തത്തിന് അടിവരയിടുന്നതായി ഈ തിരഞ്ഞെടുപ്പു ഫലം.

ബി.ജെ.പി.ക്ക് ഏറ്റവും ഗുണം ചെയ്തത് നേരത്തേതന്നെ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതാണ്. ഭാവി പ്രധാനമന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനും ഒപ്പം ഗുജറാത്തിലേതുപോലെ വികസനം രാജ്യമൊട്ടുക്കും നടപ്പാക്കുമെന്ന പ്രതീക്ഷ നല്‍കാനും അതുവഴി സാധിച്ചു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മാനവവികസന സൂചിക ഗുജറാത്ത് മോഡല്‍ വികസനത്തെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങളുയര്‍ന്നെങ്കിലും അതൊന്നും വിലപ്പോയില്ല.

സ്വന്തം പാര്‍ട്ടിക്കുള്ളില്‍നിന്ന് തനിക്കെതിരെ ഉണ്ടായ എതിര്‍പ്പ് മറികടക്കാനും പ്രതിഷേധ സ്വരമുയര്‍ത്തിയ ഉന്നതരെപ്പോലും ഒതുക്കാനും മോദിക്ക് നിഷ്പ്രയാസം സാധിച്ചു. അദ്വാനിയും സുഷമാ സ്വരാജും പ്രചാരണത്തില്‍ അവഗണിക്കപ്പെട്ടു. ജസ്വന്ത് സിങ് വഴിമാറിനടന്നു. ആര്‍.എസ്.എസ്സിന്റെ അനുഗ്രഹാശ്ശിസുകളോടെ തനിക്ക് വേണ്ടപ്പെട്ടവരെ ചുമതലപ്പെടുത്തിക്കൊണ്ടാണ് മോദി പ്രചാരണം നടത്തിയത്.

യു.പി.യില്‍ തന്റെ വിശ്വസ്തനും മികച്ച സംഘാടകനുമായ അമിത് ഷായെ ചുമതലപ്പെടുത്തി. പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നല്‍കിയ യു.പി.യില്‍ ജാതിസമവാക്യങ്ങളും മറ്റും നോക്കി നേരത്തേത്തന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ അമിത്ഷാ വലിയ പങ്കാണ് വഹിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാണ്ട് ഒരുവര്‍ഷംമുമ്പുതന്നെ അദ്ദേഹം യു.പി കേന്ദീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പേരെടുത്ത് വിമര്‍ശിക്കാതെ സോണിയാഗാന്ധിയെയും രാഹുലിനെയും ഒറ്റപ്പെടുത്തി മൂര്‍ച്ചയുള്ള വാക്കുകളാണ് മോദി പ്രചാരണത്തില്‍ ഉടനീളം ഉപയോഗിച്ചത്. കോണ്‍ഗ്രസ്സിന്റെ കുടുംബവാഴ്ചയെ എതിര്‍ത്തുകൊണ്ട് അമേഠിയില്‍ത്തന്നെ അദ്ദേഹം പ്രചാരണത്തിനെത്തി. 

മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ നേരത്തേ എന്‍.ഡി.എ.യുടെ സഖ്യകക്ഷിയായിരുന്ന ജനതാദള്‍ യു. മുന്നണി വിട്ടിരുന്നു. മോദിയെ ഉയര്‍ത്തിക്കാട്ടിയാല്‍ സഖ്യകക്ഷികള്‍ കൂടെവരില്ല എന്ന തോന്നലാണ് ആദ്യമുണ്ടായത്. എന്നാല്‍, ബിഹാറില്‍ രാംവിലാസ് പസ്വാന്‍ കൂടെ വന്നതും ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശവുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചതും ബി.ജെ.പി.ക്ക് മെച്ചമായി. പറയത്തക്ക സ്വാധീനമില്ലാത്തവയാണെങ്കിലും തമിഴ്‌നാട്ടില്‍നിന്നും പുതിയ സഖ്യങ്ങളുണ്ടാക്കാന്‍ മോദി പ്രത്യേകം താത്പര്യമെടുത്തു.
നേരത്തേ ബി.ജെ.പി. വിട്ടുപോയ യെദ്യൂരപ്പയെയും ബി.ശ്രീരാമലുവിനേയും തിരികെകൊണ്ടുവന്നതും പാര്‍ട്ടിക്ക് അവിടെ ഗുണം ചെയ്തു. ഒരുവശത്ത് അഴിമതിയെ എതിര്‍ക്കുമ്പോള്‍ത്തന്നെ അഴിമതിക്കേസില്‍ ജയിലില്‍പോകേണ്ടിവന്ന പാര്‍ട്ടിയുടെ മുന്‍മുഖ്യമന്ത്രിയെയും ശ്രീരാമലുവിനെയും തിരിച്ചെടുക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന പ്രതിഷേധം അദ്ദേഹം അവഗണിച്ചു.

MATHRUBHUMI NEWS