അറബ് ലോകത്തെ പ്രമുഖ ഇന്ത്യക്കാരില്‍ ഒന്നാം സ്ഥാനത്ത് യൂസഫലി
[May 15th 2014]ദുബായ്: അറബ് ലോകത്തെ ഏറ്റവും പ്രമുഖരായ ഇന്ത്യക്കാരുടെ പട്ടിക ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയപ്പോള്‍ വ്യവസായപ്രമുഖനായ മലയാളി എം.എ. യൂസഫലി ഒന്നാം സ്ഥാനത്ത്.
ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി നടന്ന വര്‍ണശബളമായ ചടങ്ങില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജഗതിയാനിയാണ് രണ്ടാം സ്ഥാനത്ത്. എന്‍.എം.സി. ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മേധാവി ഡോ. ബി.ആര്‍. ഷെട്ടി മൂന്നാം സ്ഥാനത്തും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി നാലാമതായും പട്ടികയില്‍ ഇടം നേടി.
ശോഭാ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എന്‍.സി. മേനോന്‍ എട്ടാം സ്ഥാനത്തും ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള പത്താം സ്ഥാനത്തും ഡി.എം. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പതിമൂന്നാം സ്ഥാനത്തുമാണ് പട്ടികയിലുള്ളത്.
ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ രമേഷ് രാമകൃഷ്ണന്‍ (11), കെ.എം. ട്രേഡിങ് ചെയര്‍മാന്‍ മൊഹമ്മദ് കോറാത്ത് (14), ഐ.ടി.എല്‍. വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ധിഖ് അഹമ്മദ് (17), ഷിഫ അല്‍ജസീറ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ടി. മുഹമ്മദ് റബീയുള്ള (20), ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലൂക്കാസ്(23), പസിഫിക്ക് കണ്‍ട്രോള്‍സ് ചെയര്‍മാന്‍ ദിലീപ് രാഹുലന്‍(28), അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ രാമചന്ദ്രന്‍ (39), എസ്.എഫ്.സി. ഗ്രൂപ്പ് ചെയര്‍മാന്‍ കെ. മുരളീധരന്‍(49) എന്നിവരും ആദ്യ അമ്പത് പേരുകളില്‍ ഇടം പിടിച്ചു.
യു.എ.ഇ.യിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. തന്റെ മുഖചിത്രമുള്ള ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് പ്രത്യേക പതിപ്പ് ഷാരൂഖ് ഖാന്‍തന്നെ പുറത്തിറക്കി.
മിഡില്‍ ഈസ്റ്റില്‍ ശക്തമായ സാന്നിധ്യമുള്ള ലുലു ഗ്രൂപ്പിന്റെ സാരഥിയായ എം.എ. യൂസഫലി ഫോര്‍ബ്‌സ് ഈയിടെ പുറത്തിറക്കിയ ആഗോളസമ്പന്നരുടെ പട്ടികയിലും ഇടം നേടിയിരുന്നു. 32,000- ലേറെ ജീവനക്കാരുള്ള ലുലു ഗ്രൂപ്പിന് 110 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉണ്ട്. മലേഷ്യയിലേക്കും ഇന്‍ഡൊനീഷ്യയിലേക്കും താമസിയാതെ ലുലു ഗ്രൂപ്പ് പ്രവര്‍ത്തനം വ്യാപിപ്പിക്കും.
Mathrubhumi News