തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി
[May 3rd 2014]തൃശ്ശൂര്‍: കാഴ്ചയുടെ വസന്തം വിരിയിക്കുന്ന തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി. മുഖ്യപങ്കാളിത്തം വഹിക്കുന്ന തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറിയത്. മെയ് 9 നാണ് തൃശ്ശൂര്‍ പൂരം.
ശനിയാഴ്ച രാവിലെ 11.30നാണ് തിരുവമ്പാടിയില്‍ കൊടിയേറ്റ് നടന്നത്. 11.58നും 12.10നും ഇടയ്ക്കാണ് പാറമേക്കാവില്‍ കൊടിയേറിയത്. തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന പൂജകള്‍ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ കുട്ടന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കല്‍ സുന്ദരന്‍, സുഷിത്ത് എന്നിവര്‍ കൊടിമരം സ്ഥാപിക്കേണ്ട സ്ഥലത്ത് ഭൂമിപൂജ നടത്തിയശേഷം ശ്രീകോവിലില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി നാട്ടുകാര്‍ ചേര്‍ന്ന് ഉയര്‍ത്തി. (Mathrubhumi News)
പാറമേക്കാവില്‍ വലിയപാണിക്കുശേഷം പുറത്തേക്കെഴുന്നള്ളിച്ച ഭഗവതിയെ സാക്ഷിനിര്‍ത്തി ദേശക്കാര്‍ കൊടി ഉയര്‍ത്തി. ചെമ്പില്‍ നീലകണ്ഠനാചാരിയാണ് കൊടിമരം തയ്യാറാക്കിയത്.
ക്ഷേത്രത്തില്‍നിന്നു നല്‍കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയര്‍ത്തിയത്. കൊടിയേറ്റിനുശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയര്‍ത്തി.