കാസര്‍കോട് ഗവ. കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ ഒരുങ്ങുന്നു
[May 1st 2014]വിദ്യാനഗര്‍: കാസര്‍കോട് ഗവ. കോളേജില്‍ ബിരുദാനന്തര ബിരുദ പഠനത്തിനെത്തുന്ന വിദ്യാര്‍ഥിനികള്‍ക്ക് സുരക്ഷിത താമസസൗകര്യത്തിനായി ഇനി അലയേണ്ട. 1.82 കോടി ചെലവില്‍ 12,000ത്തോളം സ്‌ക്വയര്‍ ഫീറ്റിലുള്ള ഇരുനില കെട്ടിടം പണി പൂര്‍ത്തിയായി.
സര്‍ക്കാറില്‍നിന്ന് ഒരുകോടിയും യു.ജി.സി. പദ്ധതിയില്‍നിന്ന് 82 ലക്ഷവുമാണ് ഹോസ്റ്റല്‍ പണിയുന്നതിനായി അനുവദിച്ചത്. കോളേജിന് വടക്കുഭാഗത്തായി പണിത കെട്ടിടം 32 മുറികളും വിശാലമായ അടുക്കളയും ഭക്ഷണശാലയും മറ്റു സജ്ജീകരണങ്ങളും അടങ്ങിയതാണ്. ഇലക്ട്രിക്കല്‍ പണി മാത്രമാണ് ബാക്കിയുള്ളത്. ജൂണില്‍ തുറന്നുനല്‍കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കാസര്‍കോട് ഗവ. കോളേജില്‍ കന്നട, അറബിക്, ഇംഗഌഷ്, ഇക്കണോമിക്‌സ്, മാത്സ്, ജിയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിലാണ് ബിരുദാനന്തര ബിരുദ പഠനമുള്ളത്. 164 കുട്ടികളാണ് പഠനം നടത്തുന്നത്. താമസസൗകര്യത്തിന്റെ അഭാവത്താല്‍ ജില്ലയ്ക്ക് പുറത്തുള്ള പെണ്‍കുട്ടികള്‍ പലരും പ്രവേശനത്തിന് മടിച്ചിരിന്നു. സുരക്ഷിത താമസസൗകര്യമൊരുക്കുന്നത് രക്ഷിതാക്കളെയും ഏറെ വലച്ചിരുന്നു.
കോളേജിനുസമീപം പട്ടികജാതി പട്ടികവര്‍ഗ വകുപ്പിനുകീഴില്‍ പെണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലിലാണ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളില്‍ ചിലര്‍താമസിക്കുന്നത്. ഒരുമുറിയില്‍ നാലും അഞ്ചും കുട്ടികള്‍ക്കാണ് ഇവിടെ കഴിയേണ്ടിവരുന്നത്. ഇത് പഠനത്തിനും ഏറെ തടസ്സം സൃഷ്ടിച്ചിരുന്നു. പുതിയ കെട്ടിടത്തില്‍ ഒരുമുറിയില്‍ രണ്ടുകുട്ടികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
Mathrubhumi news