വൈദ്യുതിമുടക്കത്തിന് വിട: പ്രഖ്യാപിച്ച തീയതിക്കുമുമ്പ് ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിച്ചു
[May 1st 2014]കാസര്‍കോട്: വിദ്യാനഗറിലെ കാസര്‍കോട് 110 കെ.വി. സബ്‌സ്റ്റേഷനില്‍ ട്രാന്‍സ്‌ഫോര്‍മര്‍മാറ്റല്‍ പ്രവൃത്തി പ്രഖ്യാപിച്ചതിലും രണ്ടുദിവസം മുമ്പ് പൂര്‍ത്തിയാക്കി. വൈദ്യുതിവകുപ്പ് ജീവനക്കാരുടെ കഠിനാധ്വാനംമൂലം നഗരമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തിങ്കളാഴ്ച രാത്രിമുതല്‍ വെളിച്ചമെത്തി. 23ന് രാവിലെ 11.45നാണ് പ്രവൃത്തി ആരംഭിച്ചത്.
30വരെ ജോലി ഉണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി. ഔദ്യോഗികമായി അറിയിച്ചത്. ഇതുമൂലം കാസര്‍കോട് നഗരമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കനത്ത വൈദ്യുതിനിയന്ത്രണമാണ് ഉണ്ടായത്. അധിക ലോഡും കാലപ്പഴക്കവുമേറിയ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സബ്‌സ്റ്റേഷന്റെ ശേഷി വര്‍ധിപ്പിക്കുന്ന ജോലിയാണ് നടന്നതെങ്കിലും വന്‍ പ്രതിഷേധം ജനമുയര്‍ത്തിയിരുന്നു. ഇതുമൂലം രാത്രിയിലും പകലുമായി ജീവനക്കാര്‍ അധ്വാനിച്ചു.
എട്ട് ഫീഡറുകളില്‍ കൃത്യസമയത്തെ ഇടവേളകളില്‍ വൈദ്യുതി നല്‍കിയും വിച്ഛേദിച്ചും സബ്‌സ്റ്റേഷനിലെ ഓപ്പറേറ്റര്‍, ഷിഫ്റ്റ് അസിസ്റ്റന്റുമാര്‍ എന്നിവര്‍ കഠിനമായി അധ്വാനിച്ചു. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി.ബി.രഘുനാഥ്, സ്റ്റേഷന്‍ എന്‍ജിനീയര്‍ ഇ.പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിലവിലുള്ള 10 എം.വി.എ.യുടെ രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഒന്നാണ് മാറ്റിയത്. പകരം 20 എം.വി.എ.യുടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. ഒരു കോടിയിലധികം രൂപയാണ് ട്രാന്‍സ്‌ഫോര്‍മറിന് ചെലവഴിച്ചത്. ലോഡ് കൂടിയതുമൂലം കാസര്‍കോട് നഗരത്തില്‍ വൈകുന്നേരങ്ങളിലുണ്ടാകുന്ന വൈദ്യുതി നിയന്ത്രണത്തിന് ഇനി ഒരുപരിധിവരെ പരിഹാരമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. ജല അതോറിറ്റി, സിഡ്‌കോ എന്നിവയ്ക്ക് പ്രത്യേക ഫീഡര്‍ അനുവദിക്കാനും കഴിയും.
പ്രതികൂല കാലാവസ്ഥയിലും പ്രവൃത്തിയുമായി സഹകരിച്ച എല്ലാ നാട്ടുകാര്‍ക്കും രാപകല്‍ കഠിനാധ്വാനം ചെയ്ത് പ്രവൃത്തി നേരത്തേ പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കും കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ നന്ദി അറിയിച്ചു. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വേനലിന്റെ കാഠിന്യത്തിലും ഈ പ്രവൃത്തി നടപ്പാക്കിയതെന്ന് കളക്ടര്‍ അറിയിച്ചു.
Mathrubhumi News