home hb about hb events

തുളസിയെ വരിച്ച് അരയാല്‍; മംഗളം ആശംസിച്ച് നാട്‌

  [May 1st 2014] തുളസിയെ വരിച്ച് അരയാല്‍; മംഗളം ആശംസിച്ച് നാട്‌

 

കാഞ്ഞങ്ങാട്: അരയാല്‍ വരനും തുളസി വധുവുമായൊരു കല്യാണം. മംഗല്യത്തിന് ഹോമകുണ്ഠമൊരുക്കി ബ്രാഹ്മണരുടെ മന്ത്രാര്‍ച്ചന. അഗ്നിയെ സാക്ഷിയാക്കി നടന്ന മംഗളമുഹൂര്‍ത്തത്തിനൊടുവില്‍ സദ്യയും. കാഞ്ഞങ്ങാട് മേലാങ്കോട്ടാണ് വൃക്ഷസ്‌നേഹത്തിന്റെ ഉദാത്ത മാതൃകകാട്ടിത്തന്ന അരയാല്‍-തുളസി കല്യാണം നടന്നത്. ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവരാണ് ചടങ്ങ് നടത്തിയത്. ഹൊസ്ദുര്‍ഗ് ലക്ഷ്മി വെങ്കടേശക്ഷേത്രവുമായി അടുത്ത ബന്ധമുള്ളയിടമാണ് മേലാങ്കോട്ടെ അരയാല്‍ത്തറ. ഈ ക്ഷേത്രത്തിലെ എഴുന്നള്ളത്തില്‍ ദേവന്‍ വിശ്രമിക്കുന്ന സ്ഥലമാണ് ഇവിടം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇവിടത്തെ അരയാല്‍ ഉണങ്ങിപ്പോയിരുന്നു. പകരം നട്ടുപിടിപ്പിച്ച അരയാലിനാണ് വിശ്വാസികള്‍ മംഗല്യമൊരുക്കിയത്. ആദ്യം ഉപനയനം നടത്തിയ ശേഷമായിരുന്നു കല്യാണം. പൂണൂലും പുടവയും അണിയിച്ച അരയാലിന് തുളസി ചേര്‍ത്ത്വെച്ചുള്ള മന്ത്രാര്‍ച്ചന. അരയാല്‍ മഹാവിഷ്ണുവും തുളസി മഹാലക്ഷ്മിയുമാണെന്ന ഹൈന്ദവ വിശ്വാസത്തിലൂന്നിയാണ് ഇത്തരമൊരു ചടങ്ങ് നടത്തുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അരയാലിന് മാംഗല്യം ഭവിച്ചാല്‍മാത്രമേ അരയാല്‍ത്തറയിലെ പ്രാര്‍ഥനയ്ക്ക് ഫലമുണ്ടാകുകയുള്ളൂവെന്ന വിശ്വാസവും ഇവര്‍ക്കിടയിലുണ്ട്. സുധീന്ദ്രതീര്‍ഥ സ്വാമികളുെട ശിഷ്യന്‍ സയമീന്ദ്ര തീര്‍ഥ സ്വാമിയാണ് കല്യാണത്തിനും ഉപനയനത്തിനും മുഖ്യ കാര്‍മികത്വം വഹിച്ചത്.