മാഞ്ഞുപോയ സൌഹൃദ നക്ഷത്രമേ, സ്മരണാഞ്ജലി!
[December 3rd 2014]ശ്രീജിത്ത് ബേത്തൂർ
പ്രവാസത്തിന്റെ നീറ്റലുകള്‍ക്കിടയിലും സൌഹൃദകൂട്ടങ്ങൾക്കിടയിൽ അനായാസ ഹാസ്യം നിറച്ചു, പുഞ്ചിരിയുമായി കടന്നെത്താറുള്ള അശോകൻ നന്പ്യാർ മാവിലയുടെ ആകസ്മിക മരണം പ്രവാസികളായ കാസർകോട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
"ബാക്ക് ടു ദി പവലിയൻ" എന്നൊരു ഫേസ്ബുക്ക് സ്റ്റാറ്റസ് പതിച്ച് എന്നേക്കുമായി യാത്രപോയ പ്രിയപ്പെട്ടവന്റെ വിയോഗം ഓരോരുത്തരിലും വിഷാദം ജനിപ്പിച്ച ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്. വേര്‍പാടിന്റെ നൊമ്പരം ചിന്തകളില്‍ കൂടുകൂട്ടി പലരും വിതുന്പി.
ഹൃദയാഘാതത്തെ തുടർന്ന് അജ്മാനിലെ താമസസ്ഥലത്ത് അന്തരിച്ച മാവുങ്കാൽ സ്വദേശി അശോകൻ നന്പ്യാർ മാവില തലേനാൾ നാട്ടിൽ നിന്നും തിരിച്ചെത്തിയതായിരുന്നു. മുന്‍ ജില്ലാ ബാങ്ക് ഡെപ്യുട്ടി ജനറല്‍ മാനേജര്‍ പരേതനായ എ തമ്പാന്‍ നായരുടെയും എം ഇന്ദിരയുടെയും മകനാണ്. അജ്മാനിലെ ലണ്ടൻഷോ പെർഫ്യും കന്പനിയുടെ ജനറൽ മാനേജരായിരുന്നു. ഔദ്യോഗിക ആവശ്യത്തിനു ഹോങ്കോങ് സന്ദർശിച്ച് തിരിച്ചുള്ള യാത്രയിൽ നാട്ടിലെത്തുകയും ഭാര്യാവീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അടുത്ത ദിവസം ദുബായിലേക്ക് പുറപ്പെട്ട അശോകൻ നന്പ്യാരുടെ മരണവാർത്ത നാട്ടുകാരും ബന്ധുക്കളും വിശ്വസിക്കാൻ നന്നേ പ്രയാസപ്പെട്ടു.
സാമൂഹ്യപ്രവർത്തകരുടെയും നാട്ടുകാരുടെയും ശ്രമഫലമായി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടുകയും രണ്ടു ദിവസത്തിനകം നാട്ടിലേക്ക് അയക്കാനും സാധിച്ചു. ദുഃഖവാർത്ത അറിഞ്ഞ് അവസാനമായി ഒരുനോക്ക് കാണാനായി നൂറുകണക്കിനാളുകൾ ആശുപത്രിയിലേക്ക് ഓടിയെത്തിയിരുന്നു. നവംബർ 28 വെള്ളിയാഴ്ച ഉച്ചയോടെ നാട്ടിലെത്തിയ മൃതദേഹം മാവുങ്കാലിലെ വീട്ടിൽ പൊതുദർശനത്തിനുശേഷം 4 മണിയോടെ വൻജനാവലിയുടെ സാന്നിധ്യത്തിൽ മടിക്കൈ തറവാട്ടുവളപ്പിൽ സംസ്കരിച്ചു.
നീവ വൈസ് പ്രസിഡന്റും നാസ്ക എക്സിക്യുടിവ് അംഗവുമായിരുന്ന അശോകൻ നന്പ്യാർ വിവിധ പ്രാദേശിക കൂട്ടായ്മകളിലും സജീവ സാന്നിധ്യമായിരുന്നു.
ഷാർജ ഇന്ത്യൻ അസോസിയെഷൻ ഹാളിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയെഷൻ പ്രസിഡണ്ട് ബാലകൃഷ്ണൻ തച്ചങ്ങാടും യു.എ.ഇ യിലെ വിവിധ സംഘടനാ പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
രാവണീശ്വരം സ്വദേശിനി എന്‍ ശുഭയാണ് ഭാര്യ. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഭിഷേക്, അഭിലാഷ് എന്നിവര്‍ മക്കളാണ്. എം പ്രദീപ് കുമാര്‍ (എല്‍ ഐ സി ഏജന്റ്), എം രമേശന്‍ നമ്പ്യാര്‍ (ചെന്നൈ), എം പ്രസീത (ലക്ച്ചറര്‍, ഐ എച്ച് ആര്‍ ഡി മോഡല്‍ കോളേജ് മടിക്കൈ), പ്രസന്ന (കാസര്‍കോട് പോസ്റ്റല്‍ എംപ്ലോയിസ് സൊസൈറ്റി ജീവനക്കാരി) എന്നിവർ സഹോദരങ്ങളാണ്.
സൌഹൃദത്തിനു ഏറെ പ്രാധാന്യം കല്പ്പിച്ചിരുന്ന അദ്ദേഹം സോഷ്യൽ മീഡിയകളിലും വലിയ സൌഹൃദവലയം സ്ഥാപിച്ചിരുന്നു. സാമൂഹ്യപ്രവർത്തനങ്ങളിൽ കൃത്യമായ അർപ്പണബോധവും സഹായമനസ്കതയും അദ്ദേഹത്തിൻറെ ഓർമ്മകളെ ഊഷ്മളമാക്കുന്നു. പെർഫ്യും കന്പനിയിൽ ജോലിയായിരുന്നെങ്കിലും ജീവിതത്തിൽ മുഴുവൻ സ്നേഹസുഗന്ധം പരത്തിയ വ്യക്തിത്വമായിരുന്നു.
അകാലത്തിൽ പൊലിഞ്ഞുപോയ സൌഹൃദ നക്ഷത്രമേ, സ്മരണാഞ്ജലി!